ചണ്ഡീഗഡ്: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഖാർഗെ 125 വയസ് വരെ ജീവിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അത്രയും കാലം നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്നും പുറത്താക്കാതെ താൻ മരിക്കില്ലെന്ന ഖാർഗെയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മോദിയെ താഴെയിറക്കാമെന്ന ഖാർഗെയുടെ അതിമോഹം നടപ്പിലാക്കില്ലെന്നും ഹരിയാനയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത രാജ്‌നാഥ് സിംഗ് പറഞ്ഞു. ”മല്ലികാർജുൻ ഖാർഗെയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ഇന്നലെ നടന്ന റാലിയിൽ പെട്ടന്ന് അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു.
വേദിയിലുണ്ടായിരുന്ന അണികളുടെ സഹായത്തോടെ അദ്ദേഹം വീണ്ടും പ്രസംഗിക്കാൻ ശ്രമിച്ചു. മോദിയെ ഭരണത്തിൽ നിന്നും ഇറക്കാതെ താൻ മരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കലിയുഗത്തിൽ 125 വയസാണ് ഏറ്റുവും കൂടുതലുള്ള മനുഷ്യായുസ്. മല്ലികാർജുൻ ഖാർഗെ 125 വർഷം ജീവിച്ചിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. അത്രയും കാലം പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും അധികാരത്തിൽ തുടരട്ടെ”.- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജമ്മുകശ്മീരിലെ കത്വയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാൽ ഇതിനിടയിലും പ്രധാനമന്ത്രിയോടുള്ള വിരോധം കുത്തിനിറയ്‌ക്കാനാണ് ഖാർഗെ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്ന് ഖാർഗെയുടെ ആരോഗ്യസ്ഥിതി പ്രധാനമന്ത്രി ചോദിച്ചറിയുകയും സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തിരുന്നു.