കോഴിക്കോട്: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ഏതുകോടതിയാണെങ്കിലും പരാതിപ്പെടാനുണ്ടായ കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് ബിന്ദു തുറന്നടിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ മാതൃകാപരമായ ശിക്ഷ അർഹിക്കുന്നു. സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി തീരുമാനത്തെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തേക്കാണ് നടന്റെ അറസ്റ്റ് കോടതി തടഞ്ഞത്. സംസ്ഥാന സർക്കാരിനെ വിമർശിച്ചായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. വീണ്ടും മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്.