ബെംഗളൂരു: മുഡ ഭൂമി അഴിമതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രിയും ഭാര്യയുമടക്കം നാലുപേർക്കതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചു. ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയുടെ കേസും.ലോകായുക്ത എഫ്‌ഐആറില്‍ സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ഭൂവുടമയായ ദേവരാജു എന്നിവരാണ് പ്രതികൾ.
വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവർത്തകയുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശപ്രകാരമായിരുന്നു ലോകയുക്തയുടെ നടപടി.പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റി (മുഡ) 14 പ്ലോട്ടുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ കോടികൾ വിലമതിക്കുന്ന സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി.സിദ്ധരാമയ്യക്കെതിരെ ലോകായുക്ത ചുമത്തിയിരിക്കുന്ന വകുപ്പുകളെല്ലാം കള്ളപ്പണം തടയല്‍ നിയമത്തില്‍ വരുന്നതാണെന്ന് ഇഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.















