ടെൽഅവീവ്: സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കാൾ പ്രാദേശിക സംഘർഷങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഇറാൻ ഭരണകൂടമെന്ന രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കൈമാറിയ സന്ദേശത്തിലാണ് ഇറാൻ ഭരണകൂടത്തിനെതിരെ നെതന്യാഹു വിമർശനം ഉയർത്തിയത്. പശ്ചിമേഷ്യൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നതിനിടെയാണ് സന്ദേശം പുറത്ത് വന്നത്.
” ലെബനനേയും ഗാസയേയും സംരക്ഷിക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വമ്പൻ പ്രസംഗങ്ങൾ നടത്തിക്കൊണ്ട് നിങ്ങളെ തന്നെ അടിച്ചമർത്തി വച്ചിരിക്കുന്ന ഒരു ഭരണകൂടത്തെയാണ് നിങ്ങൾ ദിവസവും കാണുന്നത്. ഇറാൻ അവരുടെ തന്നെ ജനതയെ കൂടുതൽ ദുരന്തങ്ങളിലേക്കും യുദ്ധങ്ങളിലേക്കും തള്ളിവിടുകയാണ്. ഇറാൻ ജനതയിൽ ഭൂരിപക്ഷത്തിനും അവരുടെ സർക്കാരിനെ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് അറിയാം.
സ്വന്തം രാജ്യത്തെ ജനങ്ങളെ കുറിച്ച് അവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ പശ്ചിമേഷ്യയിൽ എല്ലായിടത്തും യാതൊരു അർത്ഥവുമില്ലാതെ നടത്തുന്ന യുദ്ധങ്ങൾക്ക് വേണ്ടി കോടിക്കടക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് അവർ അവസാനിപ്പിക്കും. പകരം അവ സ്വന്തം രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്താൻ അവർ ചെലവഴിച്ചേനെ. ആണവായുധങ്ങൾക്കും സ്വന്തം ജനതയുടെ നേർക്കല്ലാത്ത പോരാട്ടങ്ങൾക്കും വേണ്ടി അവർ പാഴാക്കിയ തുക ഉപയോഗിച്ച് കുട്ടികളുടെ വിദ്യാഭ്യാസവും, ആരോഗ്യവും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളും എല്ലാം മെച്ചപ്പെടുത്തിയിരുന്നെങ്കിൽ എന്ന് നിങ്ങൾ ചിന്തിച്ച് നോക്കൂ.
തീവ്രവാദ സംഘടനകളായ ഹിസ്ബുള്ളയ്ക്കും ഹമാസിനും ഹൂതി വിമതർക്കുമെല്ലാം ലഭിക്കുന്ന പിന്തുണ ഒരിക്കലും രാജ്യത്തെ ജനങ്ങൾക്കായി നൽകാൻ അവർ ശ്രമിച്ചിട്ടില്ല. ഇന്ന് ഇറാന്റെ കളിപ്പാവകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഓരോ പൗരന്മാരും മികച്ചത് അർഹിക്കുന്നുണ്ട്. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും ഭീകരരെ നിങ്ങൾ പിന്തുണയ്ക്കില്ലെന്ന് എനിക്കറിയാം. പക്ഷേ നിങ്ങളുടെ നേതാക്കൾ അത് ചെയ്യുകയാണെന്നും” നെതന്യാഹുവിന്റെ സന്ദേശത്തിൽ പറയുന്നു. ഇംഗ്ലീഷിലും പേർഷ്യൻ ഭാഷയിലുമായാണ് ഈ സന്ദേശങ്ങൾ കൈമാറിയത്.