ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാഗറിയാണ് ഇക്കാര്യം അറിയിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ലക്ഷ്യമിട്ട് വ്യോമാക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഐഡിഎഫിന്റെ പരാമർശം.
ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ള, ഇസ്രായേലിലേക്ക് അധിനിവേശം നടത്താൻ പദ്ധതിയിട്ടിരുന്നു. ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഇസ്രായേൽ ഗ്രാമങ്ങൾ കീഴ്പ്പെടുത്തി നിഷ്കളങ്കരായ ജനങ്ങളെ, സ്ത്രീകളെ, കുട്ടികളെ കൊന്നൊടുക്കുകയായിരുന്നു ഹിസ്ബുള്ളയുടെ ലക്ഷ്യം. ഭീകരാക്രമണ പദ്ധതിക്ക് ഹിസ്ബുള്ള നൽകിയ പേര് ‘Conquer the Galilee’ എന്നായിരുന്നു. ‘ഒക്ടോബർ ഏഴ്’ ഒരിക്കൽ കൂടി സംഭവിക്കാൻ അനുവദിക്കില്ല. ഇസ്രായേലിന്റെ അതിർത്തികളിൽ ഇനിയൊരിക്കലും ‘ഒക്ടോബർ 7’ ആവർത്തിക്കില്ല. – ഐഡിഎഫ് വക്താവ് ആണയിട്ട് പറഞ്ഞു.
ഒക്ടോബർ ഏഴ് 2023നായിരുന്നു ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം ഇസ്രായേലിൽ നടന്നത്. പാലസ്തീൻ അതിർത്തിയിലുള്ള ഇസ്രായേലിൽ ഗ്രാമങ്ങളിലേക്ക് മൂവായിരത്തോളം ഹമാസ് ഭീകരർ ഇരച്ചെത്തുകയും 1,200ലധികം ഇസ്രായേലികളെ കൊലപ്പെടുത്തുകയുമായിരുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയാണ് ഭീകരർ അതിർത്തി കടന്നെത്തിയത്. 251 ഇസ്രായേലികളെ ബന്ദികളാക്കുകയും അവരെ അതിക്രൂരമായ ലൈംഗിക, ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത്. ലെബനനിൽ നിന്ന് ഹിസ്ബുള്ളയും യെമനിൽ നിന്ന് ഹൂതികളും ഇറാനും ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് യുദ്ധത്തിൽ പങ്കാളിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ടാർഗെറ്റ് ലിസ്റ്റിൽ ഹിസ്ബുള്ളയും ഇടംപിടിച്ചത്.
അതിനിടെ, ലിതാനി നദിയുടെ വടക്കൻ മേഖലകളിൽ നിന്ന് തെക്കൻ മേഖലയിലേക്ക് വാഹനഗതാഗതം പാടില്ലെന്ന് ഇസ്രായേലി പ്രതിരോധ സേന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം പാടില്ലെന്നാണ് നിർദേശം.















