ആലപ്പുഴ: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി ആപ്പു വെളി സുനിലാലി (31) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വനിതാ ഡോക്ടറെ വീടിന്റെ അടുക്കള ഭാഗത്തുവച്ച് കടന്നുപിടിക്കുകയായിരുന്നു.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിനെയാണ് യുവാവ് ആക്രമിച്ചത്. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ മതിൽ ചാടിയെത്തിയ യുവാവ് പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ഭർത്താവും കുഞ്ഞും മുൻഭാഗത്തെ മുറിയിലായിരുന്നു.
ബഹളം വച്ച് അക്രമം പ്രതിരോധിക്കാൻ ശ്രമിച്ചതോടെ യുവാവ് ഡോക്ടറെ മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരാതിയിൽ പ്രതിയെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.