കൊച്ചി: മലപ്പുറത്തെ വർദ്ധിച്ചുവരുന്ന സ്വർണക്കടത്ത് സംഭവങ്ങളും ഹവാല ഇടപാടുകളും വഴി കേരളത്തിലേക്ക് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി പണമെത്തുന്നുവെന്ന പരാമർശത്തിൽ നിന്ന് പിന്നോട്ടുപോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിൽ നിന്നാണ് മുഖ്യമന്ത്രി പിന്നോട്ടുപോയത്. പിആർ ഏജൻസി നൽകിയ അഭിപ്രായമാണെന്നാണ് ഒടുവിൽ നൽകുന്ന വിശദീകരണം. തിരുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് പത്രാധിപർക്ക് കത്തും നൽകി.
പറഞ്ഞാൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാനുള്ള ആമ്പിയർ പിണറായി വിജയനുണ്ട് എന്നാണ് കരുതിയിരുന്നത്. പക്ഷേ നട്ടെല്ലിന്റെ സ്ഥാനത്ത് വെറും വാഴപ്പിണ്ടി ആണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടുവെന്ന് ആയിരുന്നു സന്ദീപ് ജി വാര്യരുടെ പ്രതികരണം. ദ ഹിന്ദു എന്നാൽ ഇംഗ്ലീഷ് ദേശാഭിമാനിയാണ്. ആംഗലയത്തിൽ ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റ് മാധ്യമപ്രവർത്തകരാണ് ആ പത്രത്തിൽ ഉള്ളത്. പിണറായി വിജയൻ പറയുന്ന ഒരു കാര്യം ഔട്ട് ഓഫ് കണ്ടക്സ്റ്റിൽ ഹിന്ദു നൽകുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശം പിവി അൻവറും കോൺഗ്രസും ലീഗും വിവാദമാക്കി മാറ്റുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
അച്ചടിച്ചു വന്ന അഭിമുഖത്തിൽ ഉദ്ദേശിക്കാത്ത കാര്യങ്ങൾ തെറ്റായി നൽകിയെന്നാണ് ഇപ്പോൾ പിണറായി വിജയൻ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യർ അഭിപ്രായം പങ്കുവച്ചത്. ഇസ്ലാമിക തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കുമ്പോൾ അത് മുസ്ലിങ്ങൾക്ക് എതിരായ നടപടിയാണെന്ന് വ്യാഖ്യാനിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നതായി സന്ദീപ് വാര്യർ മറ്റൊരു പോസ്റ്റിൽ പറഞ്ഞു.
ഇതിനു ശേഷമാണ് സ്വർണ്ണം കടക്കുന്നത് തീവ്രവാദ രാജ്യവിരുദ്ധ പ്രവർത്തനത്തിനാണ് എന്ന വെളിപ്പെടുത്തൽ മുഖ്യമന്ത്രി നടത്തിയത്. അതായത് സ്വർണ്ണം കടത്തുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനകൾ ആണ്, അവർക്കെതിരെ നടപടിയെടുത്തതിനാണ് ആക്ഷേപം ഉയരുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 123 കോടി രൂപയുടെ ഹവാല പണവും 150 കിലോ സ്വർണവുമാണ് പിടിച്ചെടുത്തതെന്ന് പറഞ്ഞുകൊണ്ടാണ് ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഇക്കാര്യം പറയുന്നത്. ഈ പണം കേരളത്തിലെത്തുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്ന് ഉൾപ്പെടെയുളള കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞിരുന്നു.















