ന്യൂയോർക്ക്: പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണ് ഇറാനെന്ന വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. ഇസ്രായേലിന് സുരക്ഷ ഒരുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും കമലാ ഹാരിസ് വ്യക്തമാക്കി. ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായ സൈനിക നടപടിക്ക് പ്രതികാരമായി ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് കമലാ ഹാരിസ് ഇറാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.
” ഇറാൻ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് വ്യക്തമായി മനസിലാകും. ഇറാനും, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ ശക്തികൾക്കുമെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് ഞാൻ ഉറപ്പാക്കും. ഇസ്രായേലിനെ ലക്ഷ്യം വച്ചെത്തുന്ന മിസൈലുകൾ ശക്തമായി പ്രതിരോധിക്കണമെന്ന് യുഎസ് സൈന്യത്തിന് പ്രസിഡന്റ് ജോ ബൈഡൻ നൽകിയ നിർദേശത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു. ഞങ്ങളുടെ കൂടെ സഹായത്തോടെ ഇസ്രായേലിന് ഈ ആക്രമണത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞു. അമേരിക്ക എപ്പോഴും അവരുടെ സഖ്യകക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും” കമലാ ഹാരിസ് അറിയിച്ചു.
ആക്രമണം നടത്തിയതിന്റെ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ” ഇപ്പോൾ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതം തീർച്ചയായും ഇറാന് നേരിടേണ്ടി വരും. എന്നാൽ അത് എന്തായിരിക്കുമെന്ന കാര്യം ഇപ്പോൾ പറയില്ല. ഇസ്രായേലുമായി ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തും. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും” മാത്യു മില്ലർ അറിയിച്ചു.















