മലപ്പുറം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ സഹായിക്കാമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ എംഎൽഎ. പിവി അൻവറുമായി സൗഹൃദം നിലനിൽക്കും. പക്ഷെ രാഷ്‌ട്രീയ പാർട്ടി ഉണ്ടക്കുന്നതിനോട് ശക്തമായി വിയോജിക്കുമെന്ന് കെടി ജലീൽ പറഞ്ഞു. ഇടതുപക്ഷം അനിവാര്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും അതിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കുമെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.
ഞാൻ മുസ്ലിം ലീഗിൽ ആയപ്പോൾ നോട്ടീസ് പോലും അയക്കാതെ എന്നെ നിഷ്‌കരുണം പുറത്താക്കുകയായിരുന്നു. എന്നിട്ട് ഇടത് സ്വതന്ത്രനായി കുറ്റിപ്പുറത്ത് മത്സരിച്ചു. സാധ്യതയില്ലാത്ത മണ്ഡലത്തിൽ നിന്ന് ജയിച്ചു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും ഒരിക്കലും നന്ദികേട് കാണിക്കില്ലെന്നും കെടി ജലീൽ പറഞ്ഞു. കെടി ജലീൽ എഴുതിയ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം പ്രകാശനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് നിലപാട് വിശദീകരിച്ചത്.
സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന സൂചന കെടി ജലീൽ നേരത്തെ നൽകിയിരുന്നു. പാർട്ടി പറഞ്ഞാൽ അൻവറിന് എതിരായ പ്രചാരണത്തിൽ ഉണ്ടാകും. ആരെയും ഒന്നും പ്രീതിപ്പെടുത്തേണ്ട കാര്യമില്ല. എനിക്ക് പാർലമെന്ററി താൽപര്യമില്ല. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകർ ജനങ്ങളോട് ഇടപഴകി ജീവിക്കുന്നു. ഉദ്യോഗസ്ഥൻമാരെക്കാൾ മേൽക്കൈ പൊതുപ്രവർത്തകർക്ക് ഉണ്ടാകണം. അത് ഉണ്ടായില്ല.
ഞാൻ മന്ത്രിയായപ്പോൾ എനിക്കെതിരെ വലിയ ആരോപണങ്ങൾ ഉണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ‘. അന്വേഷിച്ച ഏജൻസികൾക്ക് ഒരു കടുക് മണി പോലും തെളിവുകൾ കിട്ടിയില്ല. ബന്ധു നിയമന വിവാദത്തിൽ ക്രൂശിക്കപ്പെട്ടു. സത്യം ഞാൻ പറഞ്ഞു. മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകി. അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ആ റിപ്പോർട്ട് ഇതുവരെ നൽകിയില്ല. റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കാൻ പി വി അൻവറിനോട് പറഞ്ഞിരുന്നുവെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.















