വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ നാളെ തുടക്കമാകും. പത്തുടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ്.കിരീടം നേടാൻ ഇന്ത്യ സജ്ജമാണെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ ലൈവായി കാണാം. ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താൻ മത്സരം.
ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് നിലവില്‍ രാജ്യത്ത് നടക്കുന്ന രാഷ്‌ട്രീയ-സംഘർഷ സാഹചര്യത്തെ തുടർന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്. ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് തുടങ്ങുന്നത്. 7.30നുള്ള രണ്ടാം മത്സരത്തിൽ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും. ടൂർണമെന്റിൽ 23 മത്സരങ്ങളാണുള്ളത്.
ഷാർജയിലാണ് രണ്ട് മത്സരങ്ങളും. അഞ്ചു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളിൽ നിന്ന് രണ്ടു വീതം ടീമുകളാകും സെമിയേല്ക്ക് പ്രവേശിക്കുക.ഓസ്‌ട്രേലിയയും പാകിസ്താനും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പുരുഷ ടീം കിരീടം സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ പ്രീത് സിംഗ് പറഞ്ഞു. ആദ്യ സെമി 17നും രണ്ടാം സെമി 18നുമാണ്. 20ന് ദുബായിലാണ് ഫൈനൽ. എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും ഒരു റിസർവ് ഡേയുണ്ട്. ആറ് കിരീടങ്ങൾ നേടിയ ഓസ്ട്രേലിയയാണ് ക്രിക്കറ്റ് പണ്ഡിതരുടെ ഫേവറൈറ്റ്. ഇതുവരെ 44 മത്സരങ്ങളിൽ 35 ജയമാണ് അവർ നേടിയത്.