തിരുവനന്തപുരം: മതഭീകരവാദികൾ സിപിഎമ്മിൽ കടന്നു കയറിയിട്ടുണ്ടെന്ന കേന്ദ്ര ഐബി- സംസ്ഥാന ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ പൂഴ്‌ത്തി. പിഎഫ്ഐ നിരോധനത്തിന് പിന്നാലെ കൂടുതൽ പേർ എസ്ഡിപിഐയിലേക്ക് മാറിയതിനൊപ്പം ഒരു വിഭാഗം എത്തിയത് സിപിഎമ്മിൽ ആണെന്നാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും റിപ്പോർട്ടിൻ മേൽ നടപടിയെടുക്കാൻ പക്ഷെ സംസ്ഥാനം തയ്യാറായില്ല.
നിരോധനത്തിന് പിന്നാലെയാണ് സിപിഎമ്മിൽ പിഎഫ്ഐ കേഡറുകളുടെ നുഴഞ്ഞുകയറ്റം ശക്തമായത്. നിരോധത്തിന് മുമ്പ് തന്നെ പിഎഫ്ഐയിൽ പ്രവർത്തിച്ചിരുന്നവർ പരിശീലന ഘട്ടം പൂർത്തിയാക്കി വിവിധ പാർട്ടികളിൽ ചേക്കറുന്ന ശൈലിയാണ് പിന്തുടർന്നത്. എന്നാൽ 2022 ൽ കേന്ദ്രസർക്കാർ പിഎഫ്ഐയെ നിരോധിച്ചതോടെ ചേക്കേറൽ കൂട്ടത്തോടെയായി. കൃത്യമായ ആസൂത്രണത്തോടെ സിപിഎമ്മിലും മറ്റ് ഭരണകക്ഷികളിലും ഇവർ കയറി കൂടി. ഇത് സംബന്ധിച്ച് അതീവ ഗൗരവസ്വഭാവമുള്ള റിപ്പോർട്ട് ഐബിയും സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും സർക്കാരിന് കൈമാറി. എന്നാൽ ഇതെല്ലാം രഹസ്യമാക്കിവെക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.
പിഎഫ്ഐയെ നിരോധിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ, സിപിഎം സമ്മേളനങ്ങളിൽ പോലും മതശക്തികളുടെ ഇടപെടൽ വ്യക്തമാണ്. ലോക്കൽ സമ്മേളന പ്രതിനിധികളെയും ബ്രാഞ്ച് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കുന്നതിലടക്കം സംസ്ഥാനത്തൊട്ടാകെ തീവ്ര മുസ്ലിം സംഘടനകൾ ഇടപെടൽ നടത്തുന്നതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ പിന്നാലെ സിപിഎമ്മിൽ രൂപപ്പെട്ട സംഘർഷഭരിതമായ അന്തരീക്ഷവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇവരുടെ താത്പര്യങ്ങൾ നേടിയെടുക്കാൻ മുതിർന്ന നേതാക്കൾ പോലും കൂട്ടുനിൽക്കുകയാണ്.
സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കോൺഗ്രസും മതഭീകരവാദികളുടെ നീക്കം ചെറുക്കാൻ തയ്യാറല്ല. മുൻപ് ന്യൂനപക്ഷങ്ങൾ കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന് എ. കെ ആന്റണി പറഞ്ഞതിന്റെ പേരിൽ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട പരാജയം അത്രപെട്ടെന്ന് കോൺഗ്രസ് മറക്കില്ല. ഇതിന് പിന്നാലെ 2004 ൽ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിഞ്ഞതും ചരിത്രമാണ്.