പത്തനംതിട്ട: കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് ഗാന്ധിജയന്തി ദിനത്തിൽ വിദേശ മദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് 7 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്.
സുധീഷ് ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഇയാൾ ഓട്ടോറിക്ഷയിലും മറ്റുമായി വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ മുതൽ ഇയാൾ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ യുവാവാണ് പിടിയിലായത്. പാർട്ടിയിലേക്കെത്തിയ ഇവരെ അന്ന് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ചേർന്ന് മാലയിട്ടും മുദ്രാവാക്യം മുഴക്കിയും സ്വീകരിച്ചിരുന്നു. സിപിഎമ്മിലേക്ക് വന്നവരെല്ലാം തെറ്റുതിരുത്തി ശരിയുടെപക്ഷത്തേക്ക് വന്നതാണെന്നായിരുന്നു അന്ന് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചത്.