തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 11-ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് (ഉവാസ്- കേരളം) അംഗങ്ങൾ മന്ത്രി ആർ ബിന്ദുവിനെ സന്ദർശിച്ചിരുന്നു. ഉവാസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ലക്ഷ്മി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിയെ സന്ദർശിച്ച് നിവേദനം കൈമാറി. പൂജവയ്പ് ഒക്ടോബർ 10-ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച അവധി നൽകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
സർക്കാർ കലണ്ടറിൽ ഉൾപ്പെടെ 10-ന് പൂജവയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11-ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. ദേശീയ അദ്ധ്യാപക പരിഷത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് സ്‌കൂളുകൾക്ക് അവധി നൽകിയത്. അപ്പോഴും കോളേജുകൾക്ക് അവധി നൽകിയില്ല. തുടർന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആർ ബിന്ദുവിന് ഉവാസ് നിവേദനം നൽകിയത്.