തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപി മാർച്ച്. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ വലിയ സംഘർഷമാണുണ്ടായത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിനുള്ളിൽ കയറ്റിയ ശേഷം പൊലീസ് മർദ്ദിച്ചതായി ബിജെപി നേതാക്കൾ ആരോപിച്ചു. പ്രവർത്തകരെ അന്യായമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൊച്ചിയിലും കോഴിക്കോടും നടന്ന പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ ബാരിക്കേഡിന് മുമ്പിൽ കുത്തിയിരുന്നതോടെ പൊലീസ് പ്രകോപിതരാവുകയായിരുന്നു. മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
ഇതിന് പിന്നാലെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് ഇരുകൂട്ടരും വാക്കുതർക്കത്തിലേർപ്പെട്ടത്. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സ്വർണക്കടത്ത് പണം, ഹവാല പണം എന്നിവ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. എറണാകുളത്ത് നടന്ന പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാർച്ച് നടന്നിരുന്നു.