തിരുവനന്തപുരം: സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് കേരളാ പൊലീസല്ല, കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയിലെ ഏറ്റവും നല്ല പൊലീസ് സംവിധാനം കേരളത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഈ സംവിധാനത്തിന്റെ ഭാഗമായവർക്ക് നേരെ കടന്നാക്രമണങ്ങളാണ് അൻവർ നടത്തിയത്. പൊലീസ് സംവിധാനം നിലനിൽക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ക്രമസമാധാനനില ഏറ്റവും മികച്ച രീതിയിൽ നിൽക്കുന്നത് കേരളത്തിലാണ്. കുറ്റാന്വേഷണ മികവിൽ കേരളപൊലീസ് മുന്നിലുണ്ട്. സ്വർണ്ണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്ന നിലയുണ്ടായി. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് വഴിവയ്‌ക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. എയർപോർട്ട് കടന്ന് സ്വർണം പുറത്തേക്ക് വരുന്നതിന് കസ്റ്റംസാണ് കാരണക്കാർ. അവിടെ ഇടപെടാതിരിക്കാൻ കഴിയില്ല എന്ന സ്ഥിതി വന്നപ്പോഴാണ് പൊലീസ് പ്രവർത്തിച്ചത്. ഇതിന് എതിരായ കുരിശുദ്ധമാണ് അൻവർ നടത്തുന്നത്.
ഒരു ഡിജിപി ആർഎസ്എസ് പാളയത്തിലേക്ക് എത്തിയത് യുഡിഎഫ് കാലത്താണ്. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടി എന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. എന്നാൽ തെറ്റായ നിലപാട് സ്വീകരിക്കുന്നത് ആരായാലും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർക്കശമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ വസ്തുതാപരമായി റിപ്പോർട്ട് പരിശോധിച്ച്, മുഖം നോക്കാതെ നടപടിയെടുക്കും. ആർഎസ്എസിന്റെ രാഷ്‌ട്രീയ താൽപര്യമാണ് പൂരത്തെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി മൂന്നുതരം അന്വേഷണം പ്രഖ്യാപിച്ചു. അതനുസരിച്ച് നടപടിയെടുക്കും.
തൃശൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം കോൺഗ്രസാണ്. യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. 86,000ത്തിൽ അധികം വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്. 18,000 വോട്ടുകൾ എൽഡിഎഫിന് കൂടി. ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. കോൺഗ്രസ് നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പോലും പുറത്തു വിടുന്നില്ല. ഇതിന്റെ ഭാഗമാണ് ഡിസിസി പ്രസിഡന്റിന്റെ സ്ഥാനചലനം.
ഒക്ടോബർ 7 യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടിയുണ്ടാകും. വയനാട് വേണ്ടി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയായിരിക്കും കേന്ദ്ര സർക്കാരിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക. -എംവി ഗോവിന്ദൻ പറഞ്ഞു.















