ന്യൂയോർക്ക്: ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അവരുടെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. നോർത്ത് കരോലിനയിലെ ഒരു തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപ് തന്റെ അഭിപ്രായം പങ്കുവച്ചത്.
ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആദ്യം ആക്രമണം നടത്തണമെന്നും, ബാക്കിയുള്ളതിനെ കുറിച്ച് പിന്നീട് ചിന്തിക്കാമെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളോ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളോ ആക്രമിക്കപ്പെടരുതെന്നും, ബദൽ മാർഗം കണ്ടെത്തണം എന്നുമുള്ള അഭിപ്രായമാണ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വച്ചത്. ഇറാന് ഏത് രീതിയിൽ മറുപടി നൽകണം എന്നത് ഇസ്രായേൽ തീരുമാനിച്ചിട്ടില്ലെന്നും, ശക്തമായ തിരിച്ചടി നൽകുമെന്നും ബൈഡൻ പറയുന്നു. ഇസ്രായേലിനെ തന്റേത് പോലെ സഹായിച്ച മറ്റൊരു ഭരണകൂടവും ഉണ്ടായിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.
അതേസമയം ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ അടുത്ത മേധാവിയായി ചുമതലയേൽക്കുമെന്ന് നേതൃത്വം അറിയിച്ച ഹാഷിം സഫിയുദ്ദീനും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത് വരുന്നുണ്ട്. ഇയാൾ ഒളിച്ചിരുന്ന ഭൂഗർഭ ബങ്കറിന് സമീപത്തായി ഇസ്രായേൽ ആക്രമണം നടത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുള്ളയുടെ മറ്റൊരു നേതാവ് മുഹമ്മദ് റഷീദ് സഫാഖിയും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിൽ നിന്നും ഹിസ്ബുള്ള ഭീകരർക്ക് ആയുധം എത്തിച്ച് കൊടുക്കുന്നതിനായി നിർമ്മിച്ച തുരങ്കം തകർത്തതായി ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. മസ്‌ന ബോർഡർ ക്രോസിങ്ങിലെ തുരങ്കപാതയാണ് തകർത്തത്.















