ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. ഇതിൽ 101 സ്ത്രീകളും 464 സ്വതന്ത്രരും ഉൾപ്പെടുന്നു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്
സംസ്ഥാനത്തൊട്ടാകെ 20,632 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച വോട്ടെണ്ണും. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.
മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് പ്രമുഖ മത്സരാർത്ഥികൾ. 90 മണ്ഡലങ്ങളിൽ നിന്നായി 2 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും.
അതേസമയം, ആദംപൂർ നിയമസഭാ മണ്ഡലത്തിലെ പോളി സ്റ്റേഷനുകളിൽ മോക്ക് പോളിങ് ആരംഭിച്ചു. ജെജെപിയുടെ കൃഷൻ ഗാങ്വ പർജപതി, കോൺഗ്രസിന്റെ ചന്ദർ പ്രകാശ് ലാൽ, ബിജെപിയുടെ ഭവ്യ ബിഷ്നോയ്, എഎപിയുടെ ഭൂപേന്ദർ ബെനിവാൾ, ഐഎൻഎൽഡിയുടെ രൺദീപ് ചൗദരിവാസ് എന്നിവരാണ് ഈ സീറ്റിൽ മത്സരിക്കുന്നത്.