ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയറൂട്ടിന്റെ തെക്കൻ മേഖലകളിൽ കൂടുതൽ ഇടങ്ങളിൽ ആളുകൾക്ക് ഒഴിഞ്ഞുപോകാനുള്ള നിർദേശം സൈന്യം നൽകി. പിന്നാലെ ബെയ്‌റൂട്ടിൽ വിമാനത്താവളത്തിന് സമീപമുള്ള ഇടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. വിമാനം ഇറങ്ങി മിനിറ്റുകൾക്ക് ശേഷമാണ് സ്‌ഫോടനം നടന്നത്.
ലെബനൻ അതിർത്തിയിലെ അഡെയ്‌സ ഗ്രാമത്തിലേക്ക് കൂടുതൽ ഇസ്രായേൽ സൈനികർ എത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ ആയത്തുള്ള ഖമേനിയുടെ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ലെബനനിലെ കൂടുതൽ ഇടങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഹിസ്ബുള്ള 2000 സൈനിക കേന്ദ്രങ്ങളും, 250 ഭീകരരേയും ഇല്ലാതാക്കിയതായി ഐഡിഎഫ് പ്രസ്താവന ഇറക്കിയിരുന്നു.
ഇറാന്റെ ആണവനിലയങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എണ്ണ വിതരണം തടസ്സപ്പെട്ടേക്കുമെന്നതിനാൽ എണ്ണ വിലയിലും ആഗോള തലത്തിൽ വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടരുതെന്നും, പകരം ബദൽ മാർഗം സ്വീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രായേൽ തീർച്ചയായും ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കണമെന്നും, പിന്നീട് സംഭവിക്കുന്നതിനെ അപ്പോൾ നേരിടാമെന്നുമാണ് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് നിർദേശിച്ചത്.















