കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മിനോട് പോരാട്ടം നടത്തിയ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ ചിത്രലേഖ വിടവാങ്ങി. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ 48-ാം വയസിലാണ് അന്ത്യം. സംസ്‌കാരം നാളെ 10.30ന് പയ്യാമ്പലത്ത് നടക്കും.
പയ്യന്നൂർ എടാട്ട് സ്വദേശിനിയാണ് ചിത്രലേഖ. പാൻക്രിയാസിൽ അർബുദം ബാധിച്ച ചിത്രലേഖയ്‌ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടിരുന്നു. ചികിത്സാസഹായം ഉൾപ്പെടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഇവരെ സഹായിച്ചില്ല. പരസഹായം ഇല്ലാതെ എഴുന്നേൽക്കാൻ സാധിക്കാത്ത ചിത്രലേഖയ്‌ക്ക് പിന്തുണ നൽകിയിരുന്നത് ഭർത്താവായിരുന്നു. എന്നാൽ ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഇതിനിടയിലാണ് ചിത്രലേഖ മരിച്ചത്.
വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലേഖയും സിഐടിയു നേതാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ 2005-ലും, 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ തീയിട്ടതുമായി ബന്ധപ്പെട്ടും സിപിഎമ്മിനെതിരെ യുവതി തുറന്ന പോരാട്ടം നടത്തി. ജാതി വിവേചനത്തിനെതിരെയും സിപിഎമ്മിനെ വിറപ്പിച്ച പെൺപുലിയായിരുന്നു ചിത്രലേഖ.