എറണാകുളം: കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ തെലുങ്ക് സിനിമാ ഷൂട്ടിംഗിനിടെ വിരണ്ടോടിയ നാട്ടാന ‘ പുതുപ്പള്ളി സാധു’ കാടിറങ്ങി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. ആന ആരോഗ്യവാനാണെന്ന് വനപാലകർ പറഞ്ഞു.
വിജയ് ദേവരകൊണ്ട നായകനാവുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാധു വിരണ്ടോടിയത്. മണികണ്ഠൻ എന്ന ആന സാധുവിനെ കുത്തുകയായിരുന്നു. മണികണ്ഠന് മദപ്പാടിന്റെ സമയമായിരുന്നുവെന്ന് ആനയുടമ പറഞ്ഞു. പരിഭ്രാന്തിയിലായ സാധു വിരണ്ടോടി കാട്ടിൽ കയറി.
ഭൂതത്താൻകെട്ട് വനമേഖലയിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സാധുവിനെ കണ്ടെത്തിയത്. നാട്ടാന ആയതിനാൽ മറ്റ് കാട്ടാന കൂട്ടം സാധുവിനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ ഉൾക്കാട്ടിലേക്ക് ആന കയറിയിട്ടുണ്ടാവില്ലെന്നും വനപാലകർക്ക് ഉറപ്പുണ്ടായിരുന്നു. തുടർന്ന് കാൽപ്പാടുകളും ആനപ്പിണ്ടവും പിന്തുടർന്നാണ് സാധുവിന്റെ സമീപത്തേക്ക് പാപ്പാന്മാരും വനപാലകരും എത്തിയത്. ആനയെ കണ്ടതോടെ പാപ്പാന്മാർ മെരുക്കി കാടിറക്കുകയായിരുന്നു.