തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
യെല്ലോ മുന്നറിയിപ്പ് ലഭിച്ച ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കിയിൽ വ്യാപകമായ മഴ ലഭിച്ചേക്കും. വൈകിട്ട് മഴ കനത്തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ആഗോള മഴപ്പാത്തി സജീവമായ സാഹചര്യത്തിലാണ് കേരളത്തിൽ ഈ ദിവസങ്ങളിൽ മഴ ലഭിക്കുന്നത്. വരുന്ന എട്ടാം തീയതിയും ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 9ന് പത്തംനംതിട്ടയിലും കോട്ടയത്തും ഓറഞ്ച് അലർട്ടാണ്.