ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
ജോജു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകളും ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത അഭിനയ എന്ന പെൺകുട്ടിയാണ് സിനിമയിൽ നായികയായി എത്തുന്നത്.
തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയ നേരത്തെ അഭിനയിച്ചിട്ടുണ്ട്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബിഗ്ബജറ്റിലൊരുങ്ങിയ പണിയുടെ ചിത്രീകരണം 110 ദിവസം കൊണ്ടാണ് പൂർത്തിയായത്.
ത്രില്ലർ സസ്പെൻസ് ചിത്രമായാണ് പണി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എഡി സ്റ്റുഡിയോസിന്റെയും ഗോകുലം മൂവീസിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്.















