കോഴിക്കോട്: ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് വളയനാട് ക്ഷേത്ര പരിസരത്താണ് ക്യാമ്പെയ്ൻ നടന്നത്. ദേശീയ തലത്തിൽ നടക്കുന്ന അംഗത്വ ക്യാമ്പെയ്നിന്റെ ഭാഗമായുള്ള മെഗാ ക്യാമ്പെയ്നിന്റെ ഉദ്ഘാടനമാണ് സുരേഷ് ഗോപി നിർവ്വഹിച്ചത്.
നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മുൻ ഡിവൈഎസ്പി വി നാരായണൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഞായറാഴ്ച ദിവസം പ്രാദേശിക തലത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള വിപുലമായ ക്യാമ്പെയ്നിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി കെ സജീവനാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് തുടങ്ങിയ നിരവധി നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.