കോഴിക്കോട്: നിർമാതാവും രാഷ്‌ട്രീയ പ്രവർത്തകനുമായ പി വി ഗംഗാധരനാണ് തന്നെ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതായിരുന്നു തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗംഗാതരംഗം എന്ന പേരിൽ സംഘടിപ്പിച്ച പി വി ഗംഗാധരന്റെ ഒന്നാം അനുസ്മരണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി വി ഗംഗാധരനാണ് എന്റെ നെറുകയിൽ ആദ്യമായി ഒരു നെറ്റിപ്പട്ടം ചാർത്തിയത്. സിനിമയിൽ ഒരു പുതിയ ഒഴുക്കിന്റെ കാലമായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ വരവ്. അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമായാണ് വടക്കൻ വീരഗാഥ എന്ന ചലച്ചിത്രമുണ്ടായത്. കരിപ്പൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച വ്യക്തിയാണ് ഗംഗാധരനെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗംഗാധരന്റെ ഓർമയ്‌ക്കായി സംഘടിപ്പിച്ച ഗംഗാതരംഗം ചലച്ചിത്ര ശിൽപശാലയുടെ ഭാഗമായി നിർമിച്ച മികച്ച മൈക്രോ മൂവിക്കുള്ള അവാർഡും സുരേഷ് ഗോപി സമ്മാനിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാട്, ജിയോ ബേബി, നടി സംയുക്ത വർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.















