തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ. രാജാജി നഗർ സ്വദേശി സുരേഷ് കുമാറിനെ ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ സുരേഷ് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീജിത്തിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയിലൂടെ പോവുകയായിരുന്ന സുരേഷിനെ ശ്രീജിത്ത് മൈക്രോഫോണിലൂടെ അസഭ്യം പറഞ്ഞു. ഇത് കേട്ട സുരേഷ് എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടെയെന്ന് ചോദിച്ചു. ഇതിൽ പ്രകോപിതനായ ശ്രീജിത്ത് സുരേഷ് കുമാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ശ്രീജിത്തിന്റെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചുമാറ്റി. മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് ശ്രീജിത്തിനെതിരെ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് ശ്രീജിത്ത് സമരം തുടങ്ങിയത്. തുടർന്ന് സർക്കാർ കേസ് സിബിഐ അന്വേഷണത്തിന് വിടുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചാണ് ശ്രീജീവ് മരിച്ചതെന്നാണ് സിബിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു.