കാബൂൾ: പാകിസ്താനിലെ അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തിൽ ആശങ്കയറിയിച്ച് താലിബാൻ ഭരണകൂടം. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പ്രാദേശിക സ്ഥിരതയ്‌ക്ക് ഭീഷണിയാണെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
പാകിസ്താനിലെ സംഭവ വികാസങ്ങൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് താലിബാൻ പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഏറ്റവും നല്ല മാർഗം ചർച്ചകളും ചർച്ചകളും പരസ്പരധാരണയുമാണെന്നാണ് താലിബാന്റെ ഉപദേശം.
“അയൽരാജ്യമായ പാകിസ്താനിൽ സർക്കാരിനെ പിന്തുണയ്‌ക്കുന്നവരും രാഷ്‌ട്രീയ എതിരാളികളും തമ്മിലുള്ള സംഘർഷം ഭയാനകമായ തലത്തിലെത്തി. ഇത് മുഴുവൻ മേഖലയെയും പ്രതികൂലമായി ബാധിച്ചേക്കാം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള മികച്ച മാർഗം ചർച്ചയും മനസിലാക്കലുമാണ്. ചർച്ചകൾ നടത്താൻ വിസമ്മതിക്കുന്നത് പ്രശ്‍നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ചു,” താലിബാൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) നിലവിലെ സർക്കാരിനെതിരെ ഇസ്ലാമാബാദിലും ലാഹോറിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഒക്ടോബർ ഒന്നുമുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് PTI ആഹ്വാനം ചെയ്തിരുന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 564 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ റാവൽപിണ്ടിയിലും ഇസ്ലാമാബാദിലും മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്.















