ന്യൂയോർക്ക്: കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളെ മോചിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പരാജയപ്പെട്ടതായി റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസ്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് അമേരിക്കൻ ഭരണനേതൃത്വത്തിനെതിരായ വാൻസിന്റെ വിമർശനം.
അന്ന് നടന്നത് അമേരിക്കക്കാർക്കെതിരായ ആക്രമണമായിരുന്നുവെന്നും, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിൽ ബൈഡനും കമല ഹാരിസും പരാജയപ്പെട്ടതായും ജെ ഡി വാൻസ് ആരോപിച്ചു. ” ഒക്ടോബർ ഏഴിനുണ്ടായത് ഇസ്രായേലിനെതിരായ ആക്രമണം മാത്രമല്ല, അത് ജൂതന്മാർക്കെതിരായ ആക്രമണമായിരുന്നില്ല, മറിച്ച് അമേരിക്കക്കാർക്കെതിരായ ആക്രമണമായിരുന്നു. രാജ്യത്തെ ഓരോ അമേരിക്കക്കാരനും ഈ ആക്രമണത്തെ ശക്തമായി അപലപിക്കണം.
ഈ വിഷയത്തിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ബന്ദികളായവരെ മോചിപ്പിക്കുന്നതിന് യാതൊന്നും ചെയ്യാത്ത പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് നമുക്കുള്ളത്. ഇത് വലിയ അപമാനമാണ്. ട്രംപ് അധികാരത്തിലെത്തിയാൽ അമേരിക്കയിലെ ജൂതന്മാരെ സംരക്ഷിക്കാനും, ജൂതവിരുദ്ധർക്കെതിരായ ഫണ്ടിംഗ് നിർത്തലാക്കാനുമുള്ള എല്ലാ നടപടികളും ഉണ്ടാകും.
ഹമാസ് വലിയൊരു ഭീകരാക്രമണമാണ് ഇസ്രായേലിൽ നടത്തിയത്. എന്നാൽ അതിന്റെ
അവസാനം കാണാനുള്ള പൂർണ അവകാശം ഇസ്രായേലിനുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കാരണം എല്ലാത്തിനും തുടക്കമിട്ടത് ഹമാസ് ആണ്. ഇസ്രായേലിന് ഈ വിഷയത്തിൽ എല്ലാവിധ പിന്തുണയും ഉണ്ടാകും. തിരിച്ചടിക്കാനുള്ള അവകാശത്തെ പൂർണമായും അംഗീകരിക്കുന്നതായും” ജെ ഡി വാൻസ് പറഞ്ഞു.