മുംബൈ: ഗർബ നൃത്തത്തിനിടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു. ‘ ഗർബ നൃത്തത്തിന്റെ രാജാവ്’ എന്നറിയപ്പെടുന്ന അശോക് മാലി (50) ആണ് മരിച്ചത്. പൂനെയിൽ നവരാത്രി ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്യുമ്പോഴായിരുന്നു സംഭവം.
മകൻ ഭവേഷിനൊപ്പം ‘ഘൂങ്ഘട്ട് മേ ചാന്ദ് ഹോഗാ അഞ്ചൽ മേ ചാന്ദ്നി’ ഗാനത്തിന് ചുവടുവയ്‌ക്കുകയായിരുന്നു അശോക്. ഇതിനിടെ ക്ഷീണവും തലക്കറക്കവും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ അശോക് കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 5 വർഷമായി ഗർബ നൃത്ത പരിശീലകനായിരുന്നു അശോക് മാലി. ഇദ്ദേഹത്തിന്റെ നൃത്തം കാണുന്നതിനായി വിദൂര സ്ഥലങ്ങളിൽ നിന്നും ആളുകൾ വരുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗർബ നൃത്തത്തിൽ വ്യത്യസ്ത ശൈലികൾ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നതായിരുന്നു മറ്റ് നർത്തകരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.