ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാട്രിക് വിജയം നൽകി ഹരിയാനയിൽ ജനങ്ങൾ ചരിത്രം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ഡൽഹി ബിജെപി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നുണകൾക്ക് മുകളിൽ സത്യം വിജയിച്ച ദിനമാണ് ഇന്ന്. ചരിത്രം ഉറങ്ങുന്ന ഹരിയാനയുടെ മണ്ണിൽ കോൺഗ്രസിന് മുന്നിൽ ജനങ്ങൾ നോ എൻട്രി ബോർഡ് വച്ചു. കോൺഗ്രസിന് എവിടെയെങ്കിലും ഭരണത്തുടർച്ച ലഭിച്ചിട്ടുണ്ടോ? ഹരിയാനയിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് മൂന്നാമതും തെളിയിച്ചു. സമ്മതിദായക അവകാശം വിനിയോഗിച്ച 2.80 കോടി ജനങ്ങൾക്കും നന്ദി പറയുന്നു. ജമ്മുകശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം നേടിയതും ബിജെപിയാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ഹരിയാനയിലെ സാധാരണക്കാർ ബിജെപിയുടെ വികസനപ്രവർത്തനങ്ങൾക്ക് സാക്ഷ്യംവഹിച്ചു. കേന്ദ്രസർക്കാരിന്റെ ഓരോ പ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം. ഹരിയാനയിലെ പാവപ്പെട്ട നിരവധി പേർക്ക് കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിച്ചു. സൗജന്യ ചികിത്സ, കുടിവെള്ളം, ഭവനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് കേന്ദ്രസർക്കാർ ഉറപ്പുവരുത്തി. ഇനിയും ഹരിയാനയിലെ പാവപ്പെട്ടവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ബിജെപി ഊന്നൽ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിൽ രാജ്യത്തെ മുൻനിരയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഹരിയാനയിലെ കാർഷിക ഉത്പന്നങ്ങൾ ആഗോളതലത്തിൽ എത്തിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആഗ്രഹം. ഭക്ഷ്യഎണ്ണയിൽ സ്വാശ്രയമെന്ന ദൗത്യത്തിന് ഹരിയാനയും ശക്തി പകരാൻ പോകുന്നു. ഇത് എണ്ണക്കുരു കർഷകർക്ക് ഗുണം ചെയ്യും. ഹരിയാനയിലെ യുവാക്കൾ ലോകമെമ്പാടും അവരുടെ കഴിവ് തെളിയിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.