കൊല്ലം: കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല, ഒരു പുതിയ വലിയ യുദ്ധത്തിന്റെ തുടക്കമാണ് ഭാരതത്തിൽ കുറിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആരെയും തോൽപിച്ചതല്ല, ഇന്ത്യയിലെ ജനങ്ങൾക്ക് ഇനിയും ജയിക്കാൻ സാധിക്കും എന്നതിന്റെ തെളിവെടുപ്പാണ്, അതിനുള്ള വിളംബരമാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രത്തിലെ മഹാനവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനത തകരില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും ക്ഷേത്ര ദർശനങ്ങളും പങ്കുവെച്ച കേന്ദ്രമന്ത്രി വീണ്ടും ലക്ഷ്മിനടയിലെ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷവും അറിയിച്ചു.
ചടങ്ങിൽ നവരാത്രി മഹോത്സവ കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാവാണി പുരസ്കാരം പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും എറണാകുളം മഹാരാജ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എൻ.ജെ. നന്ദിനിയും വിജയദശമി പുരസ്കാരം കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്ര സംരക്ഷണ പൗരസമിതിയും കേന്ദ്രമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
രാഷ്ട്രപതി പുരസ്കാരം നേടിയ ദിവ്യാംഗനായ കലാപ്രതിഭ രാകേഷ് രജനികാന്ത്, കൊല്ലം ബ്രാഹ്മണ സമാജം, ക്ഷേത്രകലാപീഠം അച്ഛൻകോവിൽ സുധീഷ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞത്തിന്റെ വിളംബരവും കേന്ദ്രമന്ത്രി നിർവഹിച്ചു. ക്ഷേത്രം ജനറൽ കൺവീനർ എം ആർ സ്കന്ദൻ അധ്യക്ഷനായ ചടങ്ങിൽ നവരാത്രി മഹോത്സവ കമ്മിറ്റി ഭാരവാഹി കെ വി സെന്തിൽ കുമാർ, കെ സുരേഷ്, കൗൺസിലർമാരായ സോമരാജൻ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.