ഓംപ്രകാശ് ഉണ്ടായിരുന്ന ഹോട്ടലിൽ പ്രയാഗ മാർട്ടിൻ പോയത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്ന് പിതാവ് മാർട്ടിൻ പീറ്റർ. ഹോട്ടലിൽ പോയി എന്നുള്ളത് സത്യമാണെന്നും ഓംപ്രകാശുമായി പ്രയാഗയ്ക്ക് ഒരു ബന്ധവുമില്ലെന്നും മാർട്ടിൻ പീറ്റർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പ്രയാഗയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് പ്രതികരിച്ച് താരത്തിന്റെ പിതാവ് തന്നെ രംഗത്തെത്തിയത്.
“പ്രയാഗ ഹോട്ടലിൽ പോയി എന്നത് സത്യമാണ്. പക്ഷേ, അത് വെറൊന്നിനുമല്ല. അവളുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ കാണാൻ പോയതാണ്. 30, 40 ആളുകൾ കൂടുന്ന സ്ഥലത്ത് ലഹരിമരുന്നുകൾ ഉണ്ടെന്ന് എങ്ങനെയാണ് അറിയാൻ കഴിയുന്നത്. ഒരുപാട് ആൾക്കാരുള്ള സ്ഥലത്ത് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് എങ്ങനെയാണ് മുൻകൂട്ടി അറിയാൻ സാധിക്കുന്നത്. വളരെ നല്ല സ്വഭാവമുള്ള കുട്ടിയാണ് പ്രയാഗ. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടായിരിക്കും ഇത്രയധികം വിവാദങ്ങൾ ഉണ്ടാകുന്നതെന്നും” പിതാവ് മാർട്ടിൻ പീറ്റർ പറഞ്ഞു.
പ്രയാഗയുടെ അമ്മ ജിജി മാർട്ടിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പുറത്തുവന്ന വാർത്തകളൊന്നും സത്യമല്ലെന്നും പ്രയാഗയ്ക്ക് ഓംപ്രകാശുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളുമില്ലെന്നും ജിജി മാർട്ടിൻ പറഞ്ഞു.