ന്യൂഡൽഹി: ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയത്തിന് ശേഷം മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ചരിത്ര വിജയത്തിൽ നയാബ് സിംഗ് സെയ്‌നിയെ അഭിനന്ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
“ഞാൻ ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നിയെ നേരിൽ കാണുകയും നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഹരിയാന പ്രധാനപ്പെട്ട പങ്കുവഹിക്കുമെന് എനിക്കുറപ്പുണ്ട്,”പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഹരിയാന മുഖ്യമന്ത്രി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് പറഞ്ഞിരുന്നു.
“കഴിഞ്ഞ പത്ത് വർഷത്തിനിടെ ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും ഉപകാരപ്പെടുന്ന നയങ്ങളും പദ്ധതികളും നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഈ വൻ വിജയത്തിന്റെ ക്രെഡിറ്റ്. അദ്ദേഹത്തിന്റെ പദ്ധതികൾ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടിയുള്ളതാണ്. ഈ വിജയം അതിന്റെ ഫലമാണ്” നായബ് സിംഗ് സൈനി പറഞ്ഞു.
90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ഹരിയാനയിൽ ഹരിയാനയിൽ ബിജെപി തുടർച്ചയായ മൂന്നാം സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. കോൺഗ്രസിന് 37 സീറ്റുകൾ മാത്രമാണ് നേടാനായത്.