ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വമെന്നാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് ബുധനാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ഗൂഗിളിൽ വച്ച് രത്തൻ ടാറ്റയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയെ കുറിച്ചും സുന്ദർ പിച്ചൈ തന്റെ കുറിപ്പിൽ പരാമർശിക്കുന്നു. ” ഗൂഗിളിൽ വച്ച് അദ്ദേഹവുമായി ഞാൻ നടത്തിയ അവസാന കൂടിക്കാഴ്ചയിൽ വെയ്മോയുടെ പുരോഗതിയെ കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എല്ലായ്പ്പോഴും പ്രചോദനം നൽകുന്നതാണ്. ഇന്ത്യയിലെ ആധുനിക ബിസിനസ് നേതൃത്വത്തെ വികസനത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയെ വികസനത്തിലേക്ക് നയിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം തീവ്രമായിരുന്നു. അതിൽ അദ്ദേഹം അതീവശ്രദ്ധ പുലർത്തി. രത്തൻടാറ്റയുടെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നതായും” സുന്ദർ പിച്ചൈ കുറിച്ചു.
രത്തൻ ടാറ്റയുടെ അഭാവം തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കുറിച്ചത്. ” ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇന്ന് വലിയ മുന്നേറ്റത്തിലാണ്. രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങൾക്കും ജോലിക്കുമെല്ലാം ഈ സ്ഥാനത്ത് വളരെയധികം പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലമതിക്കാനാകാത്തതാണ്. അതിനാൽ തന്നെ ഈ വിയോഗം അംഗീകരിക്കാൻ സാധിക്കുന്നില്ല. അദ്ദേഹം വിടപറഞ്ഞതോടെ അദ്ദേഹത്തിന്റെ മാതൃക പിന്തുടരുക എന്നതാണ് നമ്മൾ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്നതെന്നും” ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.