വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഒരു രാജ്യത്തെ നേരിടാൻ പ്രധാനമന്ത്രിക്ക് സഹായം വാഗ്ദാനം ചെയ്തപ്പോൾ അദ്ദേഹം അത് നിരസിച്ചുവെന്നും, ആവശ്യമുള്ളതെല്ലാം ഇന്ത്യയ്‌ക്ക് സ്വയം ചെയ്യാനാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്. ഫ്‌ളാഗ്രന്റ് എന്ന പോഡ്കാസ്റ്റിൽ വച്ചാണ് ട്രംപിന്റെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു നല്ല സുഹൃത്തും, വളരെ നല്ല വ്യക്തിത്വവുമാണെന്നും ട്രംപ് വിശേഷിപ്പിച്ചു. അതേസമയം എതിരാളികളെ നേരിടുമ്പോൾ അദ്ദേഹം വളരെ അധികം കർക്കശക്കാരനായ നേതാവായി മാറുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പാക് ഭീകരതയ്‌ക്കെതിരെ പോരാടാൻ ഇന്ത്യയ്‌ക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചതുമെല്ലാം ട്രംപ് ഈ ഷോയിൽ തുറന്നുപറഞ്ഞു. ശത്രുവിനെതിരെ പോരാടാനുള്ള തന്റെ സഹായം നിരസിച്ചുവെന്നും, ഭീഷണി മുഴക്കുന്നവരെ നേരിടാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി അഭിമാനത്തോടെ ഉറച്ച് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. രാജ്യത്തെ സൈനിക ശേഷിയിലും കരുത്തിലും ഒരു പ്രധാനമന്ത്രി എത്രത്തോളം വിശ്വാസമർപ്പിക്കുന്നു എന്നതിന് തെളിവായും മോദിയുടെ വാക്കുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു
പാകിസ്താന്റെ പേര് പരാമർശിക്കാതെ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് എല്ലാവിധ സഹായങ്ങളും നൽകുന്ന അയൽരാജ്യത്തെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ട്രംപ് പ്രധാനമന്ത്രിയോട് സംസാരിക്കുന്നത്. ” വളരെ അടുത്ത ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അദ്ദേഹം വളരെ നല്ല വ്യക്തിത്വമാണ്. എന്നാൽ ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തുന്ന സന്ദർഭങ്ങളും ഉണ്ടായിരുന്നു. ഈ സമയം ഞാൻ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തു. എന്നാൽ അത് ഞാൻ ചെയ്യും, ഞാൻ ചെയ്യും, ഞാൻ ചെയ്യും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതേത് രാജ്യമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നും പരിപാടിയിൽ പങ്കെടുത്തവരോട് ട്രംപ് പറയുന്നു.
2014ൽ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നതിന് മുൻപ് നേതൃസ്ഥാനത്ത് വരുന്ന മാറ്റങ്ങളെ തുടർന്ന് പലപ്പോഴും അസ്ഥിരമായ സാഹചര്യമായിരുന്നുവെന്നും ട്രംപ് പറയുന്നു. 2019ൽ താൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് നടത്തിയ ഹൗഡി മോദി പരിപാടിയുടെ വിജയത്തെ കുറിച്ചും ട്രംപ് സംസാരിച്ചു. ” സ്റ്റേഡിയം നിറയെ ആളുകളായിരുന്നു. 80,000ത്തിലധികം ആളുകളാണ് ആവേശത്തോടെ അവിടെ തടിച്ച് കൂടിയത്. ഞങ്ങൾ എല്ലാവരേയും കൈവീശി അഭിസംബോധന ചെയ്ത് കൊണ്ട് അവരുടെ ഇടയിലൂടെ നടന്നു”. മോദിയുമായി തനിക്ക് നല്ലബന്ധമാണെന്നും ട്രംപ് ആവർത്തിച്ചു. 88 മിനിറ്റ് നീണ്ട അഭിമുഖത്തിൽ 37 മിനിറ്റ് സമയവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ട്രംപ് സംസാരിച്ചത്.
ട്രംപിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ലോകനേതാക്കൾ എന്തുകൊണ്ടാണ് പ്രധാനമന്ത്രിമന്ത്രിയേയും ഇന്നത്തെ ഇന്ത്യയേയും അത്രത്തോളം ബഹുമാനിക്കുന്നതെന്ന് കണ്ട് മനസിലാക്കണമെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ” പാകിസ്താൻ ഭീകരരെ നേരിടാൻ അമേരിക്ക സഹായം വാഗ്ദാനം ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി അത് എപ്രകാരമാണ് നിരസിച്ചതെന്ന് കാണുക. ” ഞാനത് സ്വയം ചെയ്യുമെന്നാണ് അദ്ദേഹം അഭിമാനത്തോടെ പറയുന്നത്. 26/11 മുംബൈ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ രാജ്യാന്തര സഹായം അഭ്യർത്ഥിച്ച് ഓടിനടന്ന കോൺഗ്രസ് സർക്കാരുമായാണ് ഇതിനെ താരതമ്യം ചെയ്യേണ്ടതെന്നും” രാജീവ് ചന്ദ്രശേഖർ പറയുന്നു.