മുത്തൂറ്റ് ഫിനാൻസുമായി ചേർന്ന് ഗോൾഡ് ലോൺ ലഭ്യമാക്കാൻ ഗൂഗിൾ പേ. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ പണമായി ലഭിക്കും. മുത്തൂറ്റ് ഫിനാൻസിന് പുറമേ ആദിത്യ ബിർല ഫിനാൻസുമായും ഭാവിയിൽ സഹകരിക്കുമെന്നാണ് വിവരം.
ഗ്രാമപ്രദേശങ്ങളിലാകും വായ്പ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെറുകിട ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് ഗൂഗിൾ പേ അറിയിച്ചു. ഗൂഗിൾ പേയിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ തരത്തിൽ വായ്പ നൽകും. ആപ്പ് വഴി തന്നെ പണം തിരിച്ചടയ്‌ക്കാം. എന്നാൽ വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
കടം വാങ്ങുന്നയാൾക്ക് തിരിച്ചടവിന് സൗകര്യവും, കൊടുക്കുന്നയാൾക്ക് സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും കമ്പനി കൂട്ടിച്ചേർത്തു. റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് ഗൂഗിൾ പേ ഗോൾഡ് ലോൺ ഉപയോക്താക്കൾക്ക് ലഭ്യമാകും.