ലാവോസ് പ്രസിഡൻ്റിനും പ്രധാനമന്ത്രിക്കും ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട കരകൗശല വസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ലാവോസിലെത്തിയത്. ബുദ്ധ പ്രതിമകൾ, പരമ്പരാഗത കൊത്തുപണികളോട് കൂടിയ മരത്തടിയിൽ തീർത്ത പെട്ടികളുമാണ് അദ്ദേഹം ലാവോസ് നേതാക്കൾക്ക് സമ്മാനിച്ചത്.

മീനകാരി വർക്കോടുകൂടിയ പിച്ചളയിൽ തീർത്ത ബുദ്ധന്റെ പ്രതിമയാണ് പ്രധാനമന്ത്രി ലാവോസ് പ്രസിഡന്റ് തോംഗ്ലൂൺ സിസോലിത്തിന് സമ്മാനിച്ചത്. തമിഴ്നാട്ടിലെ കരകൗശല വിദഗ്ധർ നിർമ്മിച്ച ഈ പ്രതിമ ദക്ഷിണേന്ത്യൻ കരകൗശലവും ബുദ്ധമത തത്വശാസ്ത്രവും പ്രദർശിപ്പിക്കുന്നതാണ്.

ആകർഷമായ നിറത്തിലും സങ്കീർണമായ ഡിസൈനിലുമുള്ള മീനകാരി വർക്കുകൾ പ്രതിമയിലെ കലാവൈഭവം വിളിച്ചോതുന്നതാണ്. ബുദ്ധ പ്രതിമകൾക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുണ്ട്, ഇത് പ്രബുദ്ധത, അനുകമ്പ, ജ്ഞാനം എന്നിവയുടെ പ്രതീകമാണ്. കൂടാതെ, പ്രസിഡന്റിന്റെ ഭാര്യക്ക് പ്രധാനമന്ത്രി മനോഹരമായ കൊത്തുപണികൾ ചെയ്ത മരപ്പെട്ടി സമ്മാനിച്ചു.

കടമ്പ വൃക്ഷത്തിന്റെ തടിയിൽ തീർത്ത ബുദ്ധന്റെ ശിരസാണ് ലാവോസ് പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയത്. രാധാ-കൃഷ്‌ണ പ്രമേയത്തിലുള്ള മലാക്കൈറ്റ് (Malachite) പതിച്ച കാമൽ-ബോൺ പെട്ടിയാണ് ലാവോസ് പ്രധാനമന്ത്രിയുടെ ഭാര്യക്ക് മോദി സമ്മാനിച്ചത്. ഇത് ഇന്ത്യൻ പൈതൃകത്തെയും കരകൗശല വൈദഗ്ധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. തായ്‌ലൻഡ് പ്രധാനമന്ത്രിക്കായി മരത്തടിയിൽ തീർത്ത മേശയും മോദി സമ്മാനിച്ചു. ഇത് ലഡാക്കിലെ കരകൗശല വിദഗ്ധർ നിർമിച്ചതാണ്.
















