ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലകളിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും, ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യത്തേയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈന സൈനികരെ പിൻവലിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ചർച്ചകളിൽ പുരോഗതി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാങ്‌ടോക്കിൽ ആർമി കമാൻഡർമാരുടെ സമ്മേളനത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി മേഖലകളായി ഡെപ്സാങ്ങിലും ഡെംചോക്കിലുമായി നിലയുറപ്പിച്ചിരിക്കുന്ന സൈനികരെ കൂടി തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അദ്ധ്യക്ഷതയിലാണ് ഗാങ്‌ടോക്കിൽ ആർമി കമാൻഡർമാരുടെ സമ്മേളനം നടക്കുന്നത്. രാജ്‌നാഥ് സിംഗ് ഈ സമ്മേളനത്തിൽ നേരിട്ട് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റിവയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഡാർജിലിംഗിലെ സുക്‌നയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
ചൈനീസ് അതിർത്തിയോട് ചേർന്ന് ആദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനം നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ രാഷ്‌ട്രീയ-നയതന്ത്ര ഇടപെടലുകൾ വഴി പോസിറ്റീവായ പ്രതികരണം ചൈനയിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും, അത് പദ്ധതി നടപ്പാക്കുന്ന കമാൻഡർമാരെ ആശ്രയിച്ച് ഇരിക്കുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറയുന്നു. സിക്കിലും അരുണാചലിലും സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.















