ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർ അപകടകാരികളാണെ പരാമർശം ആവർത്തിച്ച് യുഎസ് മുൻ പ്രസിഡന്റും റിപ്പക്കിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. കൊളറാഡോയിലെ അറോറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് കുടിയേറ്റ വിരുദ്ധ നിലപാട് വീണ്ടും വ്യക്തമാക്കിയത്. യുഎസ് പൗരന്മാരെ കൊലപ്പെടുത്തുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നവംബർ 5ന് യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു സ്ഥാനാർത്ഥികളും അവസാന വട്ട പ്രചാരണത്തിലാണ്. അനധികൃത കുടിയേറ്റം വലിയൊരു ആശങ്കയാണെന്ന് കമലാ ഹാരിസുമായി നടത്തിയ സംവാദത്തിലും ട്രംപ് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുന്ന വ്യക്തിയായാണ് ട്രംപിനെ മിക്ക വോട്ടർമാരും പരിഗണിക്കുന്നതെന്ന് അഭിപ്രായ സർവ്വേകൾ വ്യക്തമാക്കുന്നു.
സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും വധശിക്ഷ നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളും വധശിക്ഷ നിരോധിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്. അതേസമയം കുടിയേറ്റക്കാരിലുമധികം ഇത്തരം കുറ്റകൃത്യങ്ങൡ ഏർപ്പെട്ടിരിക്കുന്നത് അമേരിക്കക്കാർ തന്നെയാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്. കുറ്റവാളികളായ കുടിയേറ്റക്കാർക്ക് വധശിക്ഷ നടപ്പാക്കണമെന്ന ട്രംപിന്റെ പരാമർശത്തോട് കമലാ ഹാരിസ് പ്രതികരിച്ചിട്ടില്ല.