ബെംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. പുലർച്ചെ മൂന്ന് മണിയ്‌ക്ക് ആരംഭിച്ച വിദ്യാരംഭ ചടങ്ങിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഹരിശ്രീ കുറിച്ചത്. ദർശനത്തിനും ധാരാളം ഭക്തർ ക്ഷേത്രസന്നിധിയിലേക്ക് എത്തുന്നുണ്ട്. രാവിലെ ആറ് മണിയ്‌ക്ക് വിജയദശമി പൂജകൾ നടന്നു.
മുഖ്യതന്ത്രി നിത്യാനന്ദ അഡികറുടെ നേതൃത്വത്തിലുള്ള ആചാര്യന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുന്നത്. ഹരിശ്രീ ഗണപതായേ നമഃ എന്നതിനോടൊപ്പം സംഗീതത്തിൽ കൂടുതൽ നൈപുണ്യം ഉണ്ടാകുന്നതിനായി സരിഗമപദനിസ എന്നും കുഞ്ഞുങ്ങളെ എഴുതിപ്പിക്കുന്നുണ്ട്. മാതാപിതാക്കളുടെ ആവശ്യപ്രകാരം മറ്റ് അക്ഷരങ്ങളും അക്കങ്ങളുമൊക്കെ ആചാര്യന്മാർ കുഞ്ഞുങ്ങളെ എഴുതിപ്പിക്കുന്നുണ്ട്.
കേരളത്തിനേക്കാൾ ഒരു ദിവസം മുമ്പാണ് ഇവിടെ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നത്. കേരളത്തിലും വിദ്യാരംഭത്തിന്റെ ഒരുക്കങ്ങൾ പുരോമിക്കുകയാണ്. നാളെയാണ് സംസ്ഥാനത്ത് വിദ്യാരംഭം നടക്കുന്നത്. എന്നാൽ, കർണാടകയിൽ ഇന്നലെയായിരുന്നു മഹാനവമി. മഹാനവമിയുടെ ഭാഗമായി രഥോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങളും ക്ഷേത്രത്തിൽ നടന്നിരുന്നു.
കർണാടകയിലെ പ്രധാന ദേവീക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രം തുറന്ന് പൂജകൾ ആരംഭിച്ചത്. ഇതിന് ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. വിജയദശമി, മഹാനവമി ദിവസങ്ങളിൽ വലിയ ഭക്തജനതിരക്കാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അധികവും മലയാളികളാണ് ഇവിടെ ദർശനത്തിനെത്തുന്നത്.