തിരുവനന്തപുരം: നിയമസഭയിൽ ആർഎസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നത് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ മറച്ചുപിടിക്കാനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരള ജനത അനുഭവിക്കുന്ന നീറുന്ന പ്രശനങ്ങൾ നിയമസഭയിൽ ചർച്ചയാവുന്നില്ല. ആർഎസ്എസാണ് തൃശൂർ പൂരം കലക്കിയതെങ്കിൽ അതിനുള്ള തെളിവ് തരാൻ മന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിൽ നടക്കുന്നത് സിപിഎം-കോൺഗ്രസ് ധാരണപ്രകാരമുള്ള നാടകമാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചയ്‌ക്ക് വരരുതെന്ന ഉദ്ദേശത്തിലാണ് കോൺഗ്രസും സിപിഎമ്മും ആർഎസ്എസിനെതിരെ തിരിയുന്നത്. ഇത്രയേറെ അടിയന്തിര പ്രമേയങ്ങൾ അവതരിപ്പിച്ചു. എന്നാൽ അതിലൊന്നും ഒരു ജീവൽ പ്രശ്നങ്ങളും ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ആണ് പൂരം കലക്കിയതെന്ന ആരോപണം റവന്യു വകുപ്പ് മന്ത്രി ഉന്നയിക്കുന്നു. അത് തെളിയിക്കുന്ന തരത്തിൽ ഒരു സംഭവം പോലും ചൂണ്ടിക്കാട്ടാൻ അദ്ദേഹം തയാറായിട്ടില്ല. തെളിവുകൾ ഹാജരാക്കാൻ മന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും കുമ്മനം ചോദിച്ചു. മനഃപൂർവം ആർഎസ്എസിനെ ഇതിലേക്ക് വലിച്ചിഴച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.