ഗുവാഹത്തി: പോക്സോ കേസ് പ്രതികളായ വിചാരണത്തടവുകാർ ജയിൽ ചാടി. ബെഡ്ഷീറ്റും ലുങ്കിയും ഉപയോഗിച്ച് അതിവിദഗ്ധമായാണ് തടവുപുള്ളികൾ ജയിൽ ചാടിയത്. അസമിലെ മോറിഗാവ് ജില്ലാ ജയിലിൽ നിന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. അർധരാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം. പ്രതികൾ കിടന്നിരുന്ന സെല്ലിന്റെ അയേൺ ഗ്രിൽ തകർത്ത് പുറത്തുകടന്നതിന് ശേഷം ബെഡ്ഷീറ്റുകൾ, ബ്ലാങ്കറ്റുകൾ, ലുങ്കികൾ എന്നിവ ഉപയോഗിച്ച് 20 അടി ഉയരമുള്ള ജയിൽ മതിൽ പ്രതികൾ ചാടിക്കടക്കുകയായിരുന്നു.
സൈഫുദീൻ, ജൈറുൾ ഇസ്ലാം, നൂർ ഇസ്ലാം, മഫിദുൾ, അബ്ദുൾ റാഷിദ് എന്നിവരാണ് പുറത്തുചാടിയതെന്ന് കമ്മീഷണർ ദേവാശിഷ് ശർമ അറിയിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിലിന്റെ സുരക്ഷാ സംവിധാനത്തിൽ വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷിക്കും. നിലവിൽ ജയിലർ പ്രശാന്ത സൈകിയയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഗുവാഹത്തിയിൽ നിന്നുള്ള രണ്ട് അസിസ്റ്റന്റ് ജയിലർമാർക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ട്. ജയിൽ ചാടിയവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.















