ഉദംപൂർ: ജമ്മു- കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം. വിജയദശമി ദിനമായ ശനിയാഴ്ച നിരവധി പേരാണ് രാവണന്റെയും കുംഭകർണന്റെയും മേഘനാഥന്റെയുമൊക്കെ കൂറ്റൻ കോലങ്ങൾ അഗ്നിക്കിരയാക്കി ശ്രീരാമനെ വരവേൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. ഉദംപൂരിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ വലിയ ജനാവലിയായിരുന്നു ഇതിൽ പങ്കെടുക്കാനെത്തിയത്. തിൻമയ്ക്ക് മേൽ നൻമയുടെ വിജയമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ദസറ ആഘോഷ കേന്ദ്രങ്ങളിൽ സൈന്യവും സിആർപിഎഫും കടുത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡോഗ് സ്ക്വാഡിനെ ഉൾപ്പെടെ വിന്യസിച്ചിരുന്നു. ഉദംപൂരിലെ ആഘോഷത്തിൽ എംഎൽഎ ചെനാനി ബൽവന്ത് സിംഗ് മങ്കോട്ടിയ, ഉദംപൂർ വെസ്റ്റ് എംഎൽഎ പവൻകുമാർ ഗുപ്ത, ഉദംപൂർ ഈസ്റ്റ് എംഎൽഎ ആർ.എസ് പതാനിയ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.
നേരത്തെ ശ്രീനഗറിലെ എസ്കെ സ്റ്റേഡിയത്തിൽ നടന്ന ദസറ ആഘോഷങ്ങളിൽ ഫാറൂഖ് അബ്ദുളള പങ്കെടുത്തിരുന്നു. കശ്മീർ വിട്ടുപോയവർ തിരിച്ചുവരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ഇപ്പോൾ അതിനുളള അവസരമാണെന്നും നാഷണൽ കോൺഫറൻസ് നേതാവ് കൂടിയായ ഫറൂഖ് അബ്ദുളള പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കാര്യം മാത്രമല്ല ജമ്മുവിൽ നിന്ന് ഉപേക്ഷിച്ചുപോയ ജനങ്ങളുടെ കാര്യം കൂടിയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നിങ്ങളുടെ ശത്രുവല്ല. നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും ഫറൂഖ് അബ്ദുളള കൂട്ടിച്ചേർത്തു.