മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഇതിനായി അക്രമികൾ മാസങ്ങൾ നീണ്ട പരിശീലനമാണ് നടത്തിയതെന്നും പൊലീസ് അറിയിച്ചു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തുന്നതിന് 15 ദിവസങ്ങൾക്ക് മുമ്പാണ് അക്രമികൾക്ക് തോക്കുകൾ ലഭിച്ചത്. ഇതുപയോഗിച്ച് കൃത്യമായ പരിശീലനങ്ങളും ഇവർ നടത്തിയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പിന്നീട് പൊലീസ് കണ്ടെടുത്തു. സിദ്ദിഖിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ഒരു മാസം മുമ്പ് തന്നെ കുർളയിലുള്ള വാടക വീട്ടിലേക്ക് അക്രമികൾ താമസം മാറിയിരുന്നു. 14,000 രൂപ മാസവാടകയുള്ള വീടാണ് ഇതിനായി അക്രമികൾ തെരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
ബാബാ സിദ്ദിഖിന്റെ വീടും പരിസരവും അക്രമികൾ നിരീക്ഷിച്ചു. തുടർന്ന് നവരാത്രി ആഘോഷങ്ങൾ നടക്കുന്ന സമയങ്ങളിൽ വെടിയുതിർക്കാനുള്ള പരിശീലനം ഇവർ നേടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പടക്കങ്ങൾ പൊട്ടുന്ന ശബ്ദത്തിനിടയിൽ വെടിയൊച്ച മറ്റുള്ളവർ ശ്രദ്ധിക്കില്ലെന്ന് അക്രമികൾ മനസിലാക്കിയിരുന്നു. 50,000 രൂപയാണ് ഓരോ കൊലയാളിക്കും ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് സിദ്ദിഖിന് നേരെ വെടിയുതിർത്തത്. പിന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. ലോറൻസ് ബിഷ്‌ണോയിലേക്കും അന്വേഷണം നീളുന്നുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.