തിരുവനന്തപുരം: സംസ്ഥാനത്ത് മദ്രസകളില്ലെന്ന് കേരളം പച്ചക്കള്ളം പറഞ്ഞുവെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. കേരളത്തിൽ മദ്രസകളില്ലെന്നും മദ്രസകൾക്ക് ഫണ്ട് നൽകുന്നില്ലെന്നും സംസ്ഥാനം അറിയിച്ചതായി കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. എന്നാൽ കേരളം മദ്രസകൾക്ക് പണം നൽകുന്നതിന് തെളിവുണ്ടെന്നും അദ്ധ്യക്ഷൻ അറിയിച്ചു. മദ്രസ ടീച്ചർ ക്ഷേമനിധിയിലേക്കും സർക്കാർ പണം നൽകുന്നുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
കേരളത്തിലെ വിവിധ ജില്ലകളിലുള്ള മദ്രസകളുടെ ലിസ്റ്റ് കമ്മീഷന്റെ കൈശമുണ്ട്. മദ്രസ ടീച്ചർ ക്ഷേമനിധി അസോസിയേഷനിലേക്ക് സർക്കാർ പണം നൽകുന്നതിന്റെ തെളിവും കമ്മീഷന്റെ പക്കലുണ്ട്. കോടതിയെ സമീപിക്കുമെന്ന കേരളത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. ബാലാവകാശ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ ഭരണഘടനാ സാധുത എല്ലാവർക്കും പരിശോധിക്കാമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ അറിയിച്ചു.
കേരളത്തിലെ മദ്രസകളിൽ കുട്ടികൾ ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്ക് അയച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 75 പേജുള്ള റിപ്പോർട്ടിൽ രണ്ട് പേജുകളിലായാണ് കേരളത്തിന്റെ കാര്യം കമ്മീഷൻ പ്രത്യേകം പരാമർശിക്കുന്നത്.
വിദ്യാർത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിൽ മദ്രസകൾ സമ്പൂർണ പരാജയമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. മദ്രസ പഠനം മാത്രം നേടുന്ന വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. പൊതുവിദ്യാഭ്യാസത്തിൽ നിന്ന് അകറ്റി നിർത്തുന്നത് കുട്ടികളെ സാരമായി ബാധിക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നാണ് ബാലാവകാശ കമ്മീഷൻ നിർദേശിച്ചത്.