അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അൻപോട് കൺമണിയുടെ ടീസർ പുറത്തിറങ്ങി. അർജുൻ അശോകൻ തന്നെയാണ് ചിത്രത്തിന്റെ ടീസർ സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. “പ്രണയവും ചിരിയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് അൻപോട് കൺമണി. ചിരി നിറഞ്ഞ പുതിയൊരു യാത്രയ്‌ക്ക് ഒരുങ്ങിക്കൊള്ളൂ”എന്നാണ് ടീസർ പങ്കുവച്ചുകൊണ്ട് അർജുൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ലിജു തോമസിന്റെ സംവിധാനത്തിലൊരുങ്ങിന്ന ചിത്രത്തിൽ അനഘ നാരായണനാണ് നായിക. ഭാര്യ-ഭർത്താക്കന്മാർ നേരിടുന്ന പ്രശ്നങ്ങളിലൂടെയും രസകരമായ മുഹൂർത്തങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ടീസർ തന്നെയാണ് പുറത്തെത്തിയിരിക്കുന്നത്.
സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ചിത്രം പറയുന്നുണ്ട്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രം നിർമിക്കുന്നത്. അൽത്താഫ് സലീം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, ജോണി ആന്റണി, മൃദുൽ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
അർജുൻ അശോകൻ നായകനായെത്തുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ ടീസറും ഇന്ന് പുറത്തെത്തിയിരുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം വിഷ്ണു വിനയ് ആണ് സംവിധാനം ചെയ്യുന്നത്.