കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനായിരുന്നു അയാൾ കിണറ്റിലിറങ്ങിയത്. ദിവസങ്ങൾ മാത്രം പ്രായമുള്ള കിടാവ് പൊട്ടക്കിണറ്റിൽ വീണപ്പോൾ പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുച്ചതായിരുന്നു അദ്ദേഹം. എന്നാൽ മുന്നിൽ കണ്ടതോ വിഷപ്പാമ്പ്. രക്ഷകന്റെ മനസ് ഒന്ന് താളംതെറ്റി, എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. ഇതോടെ പശുക്കിടാവും രക്ഷിക്കാൻ വന്ന കക്ഷിയും കിണറ്റിലകപ്പെട്ടു. എന്നാൽ ഇരുവരെയും സേഫ് ആയി പുറത്തെത്തിച്ചിരിക്കുകയാണ് മുക്കം അഗ്നിരക്ഷാസേന.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഏകദേശം 25 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പശുക്കിടാവ് വീഴുകയായിരുന്നു. വെറും ഏഴ് ദിവസം പ്രായമുള്ള കിടാവാണ് കിണറ്റിൽ പതിച്ചത്. കിടാവിനെ രക്ഷിക്കാൻ വന്ന ‘പ്രിൻസ്’ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പാമ്പിനെ കാണുകയായിരുന്നു. ഇതോടെ രക്ഷകൻ പരിഭ്രാന്തിയിലായി. കിടാവിനെ പുറത്തേക്ക് എത്തിക്കാനും വയ്യ, സ്വയം പുറത്തുകടക്കാനും വയ്യ. രണ്ടാളും കിണറ്റിൽ കുടുങ്ങി. താമസിയാതെ അഗ്നിശമന സേന സ്ഥലത്തെത്തി, വേഗം കിണറ്റിൽ ഇറങ്ങി, വലയും കയറും ഉപയോഗിച്ച് പ്രിൻസിനെ പുറത്തെത്തിച്ചു. പിന്നാലെ പശുക്കിടാവിനെയും പുറത്തെടുത്തു. എന്നാൽ വില്ലനായ ആ വിഷപ്പാമ്പിനെ നാട്ടുകാർ തിരഞ്ഞെങ്കിലും പിന്നീട് കണ്ടില്ല!