കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്‌കൂളുകൾക്കും ഓഫിസുകൾക്കും നാളെ(ചൊവ്വ) അവധി പ്രഖ്യാപിച്ചു.ഇതോടൊപ്പം മസ്‌കറ്റ് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട് .ഒമാനിലെ മസ്‌കറ്റ് , തെക്കൻ ശർഖിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലാണ് ചൊവ്വാഴ്ച സ്‌കൂളുകൾക്കും ഓഫിസുകൾക്കും അവധി നൽകിയിരിക്കുന്നത്.അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അവധി പ്രഖ്യാപിച്ചത്.
ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സ്വീകരിക്കാം. അൽ വുസ്ത, വടക്കൻ ശർഖിയ, തെക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലും സ്‌കൂളുകൾക്ക് അവധിയായിരിക്കും.മഴയുടെ പശ്ചാത്തലത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട്. വാഹനങ്ങൾ താഴ്ന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്നും വാദികളിൽ ഇറങ്ങുകയോ വാഹനം ഇറക്കുകയോ ചെയ്യരുതെന്നും ഇലക്ട്രിക് പോസ്റ്റുകൾ, മരങ്ങൾ, ഇലക്ട്രിക് കോംപ്ലക്‌സുകൾ എന്നിവയ്‌ക്ക് താഴെ നിൽക്കരുതെന്നും റോഡിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.