ന്യൂയോർക്ക്: ജമ്മു കശ്മീരിന്റെ പേരിൽ പാകിസ്താൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഐക്യരാഷ്‌ട്ര സഭയിൽ അപലപിച്ച് ഇന്ത്യ. പാക് അധീന ജമ്മു, കശ്മീർ, ലഡാക്ക്, എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കശ്‌മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യൻ കൗൺസിലറായ എൽദോസ് മാത്യു പുന്നൂസ് യുഎന്നിൽ ആവർത്തിച്ചു.
“ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ല. പാക് അധീന കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണം. ജനാധിപത്യ മൂല്യങ്ങളുടെ സ്ഥായിയായ സ്തംഭത്തിലാണ് ഇന്ത്യയുടെ അടിത്തറ പണിതിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്തുന്നതും പ്രതിപക്ഷ നേതാക്കളെ തടവിലാക്കലും രാഷ്‌ട്രീയ എതിർ ശബ്ദങ്ങളെ അടിച്ചമർത്തലും പാകിസ്താന് കൂടുതൽ പരിചിതമായിരിക്കുമെന്ന് എൽദോസ് മാത്യു പറഞ്ഞു.
യഥാർത്ഥ ജനാധിപത്യം നല്ല രീതിയിൽ പ്രവർത്തിക്കുന്നത് കണ്ട് പാകിസ്താൻ നിരാശപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ സ്‌പോൺസേർഡ് ഭീകരതയ്‌ക്കും രാജ്യാന്തര കുറ്റകൃത്യങ്ങൾക്കും ലോകമെമ്പാടും കുപ്രസിദ്ധമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുമേൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിരോധാഭാസമാണ്. അതിർത്തി കടന്നുള്ള ഭീകരത അയൽക്കാർക്കെതിരെ ആയുധമാക്കുന്നത് പാകിസ്താന്റെ സ്ഥിരം ഭരണകൂട നയമാണെന്നും ഇന്ത്യ പറഞ്ഞു.
പാകിസ്താനിൽ മത ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് പകരം ആദ്യം സ്വന്തം രാജ്യത്തേക്ക് നോക്കുക. സ്വന്തം വീട് ആദ്യം ശരിയായി ക്രമീകരിക്കാനും ഇന്ത്യ പാകിസ്താനെ ഉപദേശിച്ചു.