ഒക്ടോബർ 16 ബുധനാഴ്ച , അതായത് കന്നിമാസം 30 , ശരദ് പൂർണ്ണിമയാണ്. ഹിന്ദു ചാന്ദ്ര മാസമായ അശ്വിന പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്ന ഒരു വിശേഷപ്പെട്ട ഉത്സവമാണ് ശരദ് പൂർണ്ണിമ. ഭാരത വർഷത്തിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ അശ്വിന പൗർണ്ണമി രാത്രി വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു .
ഭഗവാൻ ശ്രീകൃഷ്ണനും ഗോപീജനങ്ങളുമായി രാസലീല നടത്തിയ സുന്ദര രാത്രിയാണ് ശരദ് പൂർണ്ണിമ. ശ്രീകൃഷ്ണനും ബ്രജയുവതിമാരും ഒത്തു ചേർന്ന് നടത്തിയ ഈ രാസലീലാ നൃത്തംത്തിൽ പങ്കെടുക്കാൻ, ശിവൻ ഗോപീശ്വര മഹാദേവന്റെ രൂപം സ്വീകരിച്ചു .
ബ്രഹ്മപുരാണം , സ്കന്ദപുരാണം , ബ്രഹ്മ വൈവർത്ത പുരാണം , ലിംഗപുരാണം എന്നിവയിൽ ഈ പൗർണ്ണമി രാത്രിയുടെ പ്രത്യേകതകൾ വിവരിച്ചിരിക്കുന്നു. ഈ ദിവസം സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ ജന്മദിനമാണെന്ന് ചില പുരാണങ്ങൾ പ്രകാരം വിശ്വസിക്കപ്പെടുന്നു. ഈ പൗർണ്ണമി രാത്രിയിൽ ലക്ഷ്മി ദേവി മനുഷ്യരുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മഴയുടെ ദേവനായ ഇന്ദ്രനെയും അദ്ദേഹത്തിന്റെ ആന ഐരാവതത്തെയും ഈ ദിനത്തിൽ ആരാധിക്കുന്നു.
ഭാരതത്തിന്റെ ചില ഭാഗങ്ങളിൽ വിളവെടുപ്പ് ഉത്സവമാണ് ശരദ് പൂർണിമ. അതിനാൽ, ഇതിനെ നബന്ന / നവന്ന (പുതിയ അരി) പൂർണ്ണിമ എന്നും വിളിക്കുന്നു. ഈ ദിവസം, ചന്ദ്രൻ നമ്മുടെ ഭൂമിയോട് ഏറ്റവും അടുത്താണ്. അതുകൊണ്ടാണ് ഈ രാത്രിയിൽ ചന്ദ്രപ്രകാശത്തിന് രോഗശാന്തി ഫലമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. ഈ രാത്രിയിൽ ചന്ദ്രപ്രകാശത്തിൽ സൂക്ഷിക്കുന്ന ഭക്ഷണം അമൃതമായി കണക്കാക്കപ്പെടുന്നു.
ഉത്തർപ്രദേശ് , ബീഹാർ , ജാർഖണ്ഡ് , മധ്യപ്രദേശ് , ഛത്തീസ്ഗഢ് തുടങ്ങിയ ഇന്ത്യയുടെ വടക്കൻ , മധ്യ സംസ്ഥാനങ്ങളിൽ സായന്തനത്തിൽ പായസം തയ്യാറാക്കുകയും രാത്രിയിൽ ഒരു തുറന്ന മേൽക്കൂരയുള്ള സ്ഥലത്ത് ചന്ദ്രന്റെ വെളിച്ചത്തിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഈ രാത്രിയിൽ, ചന്ദ്രകിരണങ്ങൾ പായസത്തിൽ പതിക്കുമ്പോൾ അത് അമൃത സമാനമാകുമെന്നും അമർത്യതയുടെ സന്ദേശം വഹിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.അടുത്ത ദിവസം പായസം പ്രസാദമായി കഴിക്കുന്നു .
ഒഡീഷയിലാകട്ടെ ഈ ദിവസം അവിവാഹിതരായ സ്ത്രീകൾ തങ്ങൾക്ക് അനുയോജ്യനായ വരനെ ലഭിക്കാനായി ഉപവസിക്കുന്നു. ഈ ദിവസം ഗജലക്ഷ്മി പൂജയും നടത്തുന്നു.
ശാരദിയ നവരാത്രി അവസാനിച്ചതിന് ശേഷം, അശ്വിനി മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ശരദ് പൂര്‍ണിമ ആഘോഷിക്കുന്നത്. ഇക്കൊല്ലം ശരദ് പൂർണ്ണിമ വരുന്നത് ഒക്ടോബര്‍ 16 ബുധനാഴ്ചയാണ്. പൗര്‍ണ്ണമി തിഥി ഒക്ടോബര്‍16ന് രാത്രി 08:40 മുതല്‍ ആരംഭിക്കും. ഇത് അടുത്ത ദിവസം ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം 04:56ന് അവസാനിക്കും. ഒക്ടോബര്‍ 16ന് വൈകുന്നേരം 06 : 01 മുതല്‍ ചന്ദ്രോദയം ഉണ്ടാകും. പൗർണ്ണമി രാത്രി വരുന്നത് ഒക്ടോബര്‍ 16 ബുധനാഴ്ചയാണ്. അതിനാൽ അന്ന് ശരദ് പൂര്‍ണിമ ആഘോഷിക്കും. ചന്ദ്രാസ്തമയം ഒക്ടോബര്‍ 17 വ്യാഴാഴ്ച രാവിലെ 6 . 43 നാണ്.
ഈ ദിവസം ലക്ഷ്മി ദേവിക്ക് വെറ്റില സമര്‍പ്പിക്കുന്നു. മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നു.ശരത് പൂര്‍ണിമയില്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ഭക്തര്‍ ലക്ഷ്മി ദേവിയെ ആരാധിക്കണം.
ചാന്ദ്ര ദർശനമാണ് ശരദ് പൂർണ്ണിമയിലെ മറ്റൊരു ആരാധനാ രീതി.ഈ ദിവസം ചന്ദ്രൻ പൂർണ്ണമായി പ്രകാശിക്കുകയും കൂടാതെ ഈ കിരണങ്ങൾ ശരീരത്തിനും ആത്മാവിനും പോഷണം നൽകി രോഗശാന്തിനൽകുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ഈ രാത്രിയില്‍ ഭക്തർ കുറച്ച് മണിക്കൂറുകളെങ്കിലും ചന്ദ്രന്റെ നിലാവില് ഇരിക്കണം. ഈ ദിവസത്തെ ചന്ദ്രിക ആസ്ത്മ രോഗികള്‍ക്ക് ശമനത്തിന് പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. ശരദ് പൂർണ്ണിമ ദിവസം ചന്ദ്രന്റെ പ്രകാശം അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ രാത്രി 10 മുതല്‍ 12 വരെ ചന്ദ്രനെ കാണണം.
ക്ഷേത്രങ്ങളിലെ ദേവതകൾ സാധാരണയായി ചന്ദ്രന്റെ തെളിച്ചത്തെ സൂചിപ്പിക്കുന്ന വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്. പലരും ഈ രാത്രി മുഴുവൻ ഉപവാസം അനുഷ്ഠിക്കുന്നു.