സിയോൾ: രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ശത്രുരാജ്യമെന്നാക്കി വിശേഷിപ്പിച്ചു കൊണ്ടാണ് മാറ്റം വരുത്തിയത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരം ഈ വർഷം ആദ്യം തന്നെ ഇത്തരത്തിൽ മാറ്റം വരുത്തിയെങ്കിലും, വിഷയത്തിൽ ഉത്തരകൊറിയ സ്ഥിരീകരണം നടത്തുന്നത് ഇതാദ്യമായിട്ടാണ്.
ഏറ്റവും അനിവാര്യമായ നടപടിയാണിതെന്നാണ് ഉത്തരകൊറിയ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരകൊറിയ, ദക്ഷിണ കൊറിയയെ അവരുമായി ബന്ധിപ്പിക്കുന്ന റെയിൽപാതകളും റോഡുകളുമെല്ലാം തകർത്തിരുന്നു. ദക്ഷിണ കൊറിയൻ അതിർത്തി പൂർണമായി അടയ്‌ക്കുകയാണെന്ന് ഉത്തരകൊറിയൻ സൈന്യം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് നീക്കം. ഉത്തരകൊറിയയുടെ സൈനികർ റോഡുകളും റെയിൽപാതകളുമെല്ലാം ഡൈനാമൈറ്റ് ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം പുറത്ത് വിട്ടിരുന്നു.
രാജ്യത്തിനെതിരായ ലഘുലേഖകളുമായി ദക്ഷിണ കൊറിയയുടെ ഡ്രോണുകൾ ഉത്തരകൊറിയയിൽ എത്തിയെ്‌നന് ആരോപിച്ചാണ് ഇരുരാജ്യങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ തകർക്കാൻ കിം ജോങ് ഉൻ നിർദേശം നൽകിയത്. വർഷങ്ങളായ ഇവ അടച്ചിട്ടിരിക്കുകയാണെങ്കിലും, ഇനിയൊരു ചർച്ചയില്ലെന്ന സന്ദേശമാണ് കിം ഇതുവഴി നൽകിയതെന്നാണ് വിവരം. ദക്ഷിണ കൊറിയയെ തങ്ങളുടെ പ്രധാന ശത്രുവായി പ്രഖ്യാപിക്കുകയാണെന്നും, അവരുമായി ഇനി ഒരു രീതിയിലും ഒത്തുചേർന്ന് പോകില്ലെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അതിർത്തി മേഖലകളിലുൾപ്പെടെ മിസൈലുകൾ ഉൾപ്പെടെ വിന്യസിക്കുകയും ചെയ്തു.